അബുദബി: ബോഡിങ് പാസ് വാങ്ങി അബുദബിയിലേയ്ക്കുള്ള എയർ അറേബ്യ വിമാനത്തിൽ കയറുമ്പോൾ ഇങ്ങനെയൊരു നിയോഗം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അഭിജിത്തും, അജീഷ് നെൽസനും അറിഞ്ഞിരുന്നില്ല.
ജീവൻ്റെ വില അറിയുന്ന ഭൂമിയിലെ മാലാഖമാർ രക്ഷിച്ചത് വിലയേറിയൊരു ജീവനാണ്. സിനിമ കഥകളെ പോലും വെല്ലുന്ന അത്തരമൊരു കാഴ്ചയ്ക്കാണ് ആ യാത്രയിലെ ഓരോ മനുഷ്യനും സാക്ഷിയായത്.
സമയം പുലർച്ചെ അഞ്ചര. മേഘങ്ങൾക്കിടയിലൂടെ വിമാനം ലക്ഷ്യസ്ഥാനത്തേയ്ക്ക് പതിയെ നീങ്ങുകയാണ്.
അവ്യക്തമെങ്കിലും ആ ശബ്ദം കേൾക്കാം.
ശ്വാസമെടുക്കാൻ ആരോ പ്രയാസപ്പെടുന്നത് പോലെ….
അഭിജിത് തിരിഞ്ഞുനോക്കി.ഒരു യാത്രക്കാരൻ ചലനമില്ലാതെ കിടക്കുന്നു..
പൾസ് പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ല.അത്… ഹൃദയാഘാതം തന്നെയായിരുന്നു.
അഭിജിത് വിമാന ജീവനക്കാരെ വേഗത്തിൽ വിവരമറിയിച്ച് സിപിആർ തുടങ്ങി.
സഹായത്തിനായി അജീഷും എത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദർ രോഗിക്ക് ഐവി ഫ്ലൂയിഡ് നൽകി.
രണ്ട് റൗണ്ട് സിപിആർ കഴിഞ്ഞപ്പോൾ രോഗിക്ക് പൾസ് തിരികെ ലഭിച്ചു. പതിയെ ശ്വാസമെടുക്കാനും കഴിയുന്നുണ്ട്.
വിമാനം അബുദാബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ, മൂവരും ചേർന്ന് രോഗിയുടെ നില സ്ഥിരമായി നിലനിർത്തി.
അബുദബി വിമാനത്താവളത്തിലെ ചികിത്സയ്ക്ക് ശേഷം യുവാവ് അപകട നില തരണം ചെയ്‌തു. യുവാവ് മലയാളി ആണെന്നും തൃശൂർ സ്വദേശിയാണെന്നും മനസിലായി.
അപകടനില തരണം ചെയ്‌തെന്ന് വ്യക്തമായപ്പോൾ പിന്നീടുള്ള ചോദ്യം ആരായിരുന്നു ആ രക്ഷകരെന്നായി.
പതിഞ്ഞ സ്വരത്തിൽ ആ രണ്ട് ചെറുപ്പക്കാരും തങ്ങളെ പരിചയപ്പെടുത്തി.പുതിയ പ്രതീക്ഷകളുമായി യുഎഇയിലെ റെസ്പോൺസ് പ്ലസ് മെഡിക്കൽ സംഘത്തിൽ ചേരാനുള്ള യാത്രയിലായിരുന്നു വയനാട്ടുകാരൻ അഭിജിത്തും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനും.
എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തരനില തരണം ചെയ്ത രോഗിയുടെ കുടുംബവും ഇരുവരോടും നന്ദി അറിയിച്ചു.



