ദുബൈ : യു.എ.ഇയുടെ 54ാം ദേശീയ ദിനാഘോഷത്തെ വരവേൽക്കുന്നതിനായി നാടും, നഗരവും ഒരുങ്ങിക്കഴിഞ്ഞു.
ദേശീയ ഐക്യം, കൂട്ടായ്മയുടെ കരുത്ത്, ചൈതന്യം എന്നിവ വിളിച്ചോതുന്ന ചലനാത്മകമായ നിറങ്ങളിലും പ്രമേയങ്ങളിലുമാണ് വിസ്മയിപ്പിക്കുന്ന അലങ്കാരങ്ങൾ.
ത്രീഡി ഇൻസ്റ്റലേഷനുകൾ, യുഎഇ പതാകയുടെ നിറങ്ങളിലുള്ള ലൈറ്റ് യൂണിറ്റുകൾ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
54 വർഷത്തെ അടയാളപ്പെടുത്തുന്ന 54 രൂപങ്ങൾ – അബുദാബി കോർണിഷ്, അൽ മഖ്ത പാലം തുടങ്ങിയ വിവിധയിടങ്ങളിൽ കാണാൻ സാധിക്കും.
പ്രധാന റോഡുകൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഷോപ്പിങ് മാളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിങ്ങനെ എല്ലായിടങ്ങളും ദീപ ശോഭയിൽ പ്രകാശിക്കും.
ലക്ഷക്കണക്കിന് വർണദീപങ്ങളാൽ രാജ്യം ഒന്നാകെ മനോഹരമാകും. അബുദാബി നഗരത്തിൽ മാത്രം സ്ഥാപിച്ചത് 6,500 ജ്യാമിതീയ രൂപങ്ങളാണ്.
വാരാന്ത്യങ്ങൾ ചേർത്ത് 4 ദിവസത്തെ അവധി ലഭിച്ചതോടെ ഇത്തവണ ആഘോഷങ്ങൾ കളറാകും.
ആഘോഷ വേളകളിൽ ജനപ്രിയ ഒത്തുചേരൽ കേന്ദ്രങ്ങളായ അബുദാബി കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവയ്ക്കു പുറമെ ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷാർജ ഇത്തിഹാദ് റോഡ് തുടങ്ങി വിവിധ എമിറേറ്റിലെ പ്രധാന ഹൈവേകളെല്ലാം അലങ്കാര ശോഭയിൽ കാഴ്ചക്കാരുടെ കണ്ണുകളെ കുളിരണിയിക്കും.



