ഷാർജ : പുതുവർഷത്തെ ആവേശത്തോടെ വരവേൽക്കാൻ ഷാർജയിൽ വിപുലമായ ആഘോഷ പരിപാടികൾക്ക് ഒരുക്കം പൂർത്തിയായി. ഷാർജ നിക്ഷേപ വികസന അതോറിറ്റിയും, ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
സന്ദർശകരെയും നഗരവാസികളെയും ഒരുപോലെ ആകർഷിക്കുന്ന ദൃശ്യവിസ്മയമായി ഇത്തവണത്തെ ആഘോഷങ്ങളിൽ പ്രത്യേക കരിമരുന്ന് പ്രയോഗം ഉൾപ്പെടുത്തിയിട്ടുണ്ട്.
അൽ മജാസ് വാട്ടർ ഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നീ മൂന്ന് കേന്ദ്രങ്ങളിലായി 10 മിനിറ്റ് വീതം നീളുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുന്ന ഈ വേദികളിൽ രാത്രി എട്ട് മണി മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും.
ഇതുകൂടാതെ മലീഹ നാഷനൽ പാർക്ക്, അൽ നൂർ ഐലൻഡ്, അൽ മുൻതസ പാർക്ക്, ഷാർജ ബോട്ട്സ് തുടങ്ങിയ നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലും പുതുവർഷത്തെ വരവേൽക്കുന്ന പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആഘോഷ നിറഞ്ഞ അനുഭവമാണ് ഷാർജ ഒരുക്കുന്നത്.



