ദുബൈ: പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തി ദുബൈയിൽ 250 പുതിയ ബസുകൾ സർവീസിനെത്തി. 735 ബസുകൾ വാങ്ങാനുള്ള കരാറിൻ്റെ ഭാഗമായാണ് ആദ്യഘട്ട ബസുകൾ ആർ.ടി.എ ഏറ്റുവാങ്ങിയത്.
ഇതിൽ 40 എണ്ണം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ്. എല്ലാ ബസുകളും കാർബൺ പുറന്തള്ളൽ കുറഞ്ഞ യൂറോപ്യൻ ‘യൂറോ 6’ നിലവാരത്തിൽ ഉൾപ്പെടുന്നവയാണ്. യു.എ.ഇയിൽ ആദ്യമായാണ് ഇത്രയും ഇലക്ട്രിക് ബസുകൾ ഒരുമിച്ച് നിരത്തിലിറങ്ങുന്നത്.
ഒരൊറ്റ ചാർജിൽ 280 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന ബസുകൾ ഒരു ദിവസം മുഴുവൻ സർവീസ് നടത്താൻ കഴിവുള്ളവയാണ്. 70 യാത്രക്കാരെ ഒരേസമയം കൊണ്ടുപോകാനുള്ള ശേഷിയുമുണ്ട്.
യു.എ.ഇ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബാറ്ററി-കൂളിങ് സംവിധാനവും, ക്യാമറ നിരീക്ഷണ സംവിധാനങ്ങളോടെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും ബസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കി ബസുകളും ഈ വർഷം തന്നെ എത്തുമെന്ന് ആർ.ടി.എ അറിയിച്ചു.



