അബൂദബി : സിവിൽ വിവാഹ രജിസ്ട്രേഷനിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി അബൂദബി. മണിക്കൂറിൽ ശരാശരി 13 വിവാഹങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്നത്.
കഴിഞ്ഞ വർഷം മാത്രം അബൂദബി സിവിൽ ഫാമിലി കോടതിയിൽ 19,000 വിവാഹങ്ങളാണ് നടന്നത്. മുൻവർഷത്തേക്കാൾ 17 ശതമാനം വർധനയാണിത്.
2021ൽ സിവിൽ വിവാഹ നിയമം നിലവിൽ വന്നതിനു ശേഷം ഇതുവരെ ഏകദേശം 53,000 ദമ്പതികളാണ് അബൂദബിയിൽ വിവാഹിതരായത്.
മുസ്‌ലിം ഇതര പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കുമായി ഒരുക്കിയിരിക്കുന്ന ഈ സംവിധാനം പൂർണമായും ഡിജിറ്റലാണ്. എക്സ്പ്രസ് സർവീസ് വഴി അപേക്ഷ നൽകിയാൽ അതേ ദിവസം തന്നെ വിവാഹം നടത്താം. ഇതിന് 2,500 ദിർഹമാണ് ഫീസ്.
മാസം ശരാശരി 1,600 വിവാഹങ്ങളും ദിവസേന ഏകദേശം 70 വിവാഹങ്ങളുമാണ് രജിസ്റ്റർ ചെയ്യുന്നത്. ഇതുവരെ 120 രാജ്യക്കാരാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. അബൂദബിയെ ആഗോള വിവാഹ കേന്ദ്രമായി മാറ്റുന്നതിൽ ഈ സിവിൽ നിയമം നിർണായക പങ്കുവഹിക്കുന്നതായും അധികൃതർ വ്യക്തമാക്കി.



