ദുബൈ : മുംബൈയിലെ ചേരികളിൽ വിദ്യാഭ്യാസത്തിന് പുതുവഴികൾ തുറന്ന ഇന്ത്യൻ അധ്യാപിക റൂബിൾ നാഗിക്ക് ആഗോള അംഗീകാരം. ദുബൈയിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2026ൻ്റെ വേദിയിൽ വെച്ച് 1 മില്യൺ ഡോളർ, ഏകദേശം 8.3 കോടി രൂപ മൂല്യമുള്ള ഗ്ലോബൽ ടീച്ചർ പ്രൈസ് സമ്മാനിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും , ജെംസ് എഡ്യൂക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി എന്നിവർ ചേർന്നാണ് പുരസ്കാരം കൈമാറിയത്.പരമ്പരാഗത ക്ലാസ് മുറികൾക്കു പകരം ചേരികളിലെ ചുവരുകളെ പഠനമാധ്യമമാക്കി മാറ്റി, കലയെ വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഭാഗമായി ഉപയോഗിച്ചതാണ് റൂബിളിനെ വ്യത്യസ്തയാക്കിയത്. ‘മിസാൽ ഇന്ത്യ’, ‘റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷൻ’ എന്നീ സംരംഭങ്ങളിലൂടെ കഴിഞ്ഞ 20 വർഷത്തിനിടെ 800-ലധികം പഠന കേന്ദ്രങ്ങൾ അവർ സ്ഥാപിച്ചു.
600-ലേറെ സന്നദ്ധപ്രവർത്തകരുടെ പിന്തുണയോടെ മുന്നേറുന്ന ഈ പ്രസ്ഥാനം, ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തിലാണ് അറിവിൻ്റെ വെളിച്ചം സൃഷ്ടിച്ചത്. ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം നോമിനേഷനുകളിൽ നിന്നാണ് ഈ വർഷം റൂബിൾ നാഗിയിലൂടെ ഇന്ത്യയിലേക്ക് ഈ അഭിമാന നേട്ടമെത്തിയത്.



