ദുബൈ : പൊതുജന സംതൃപ്തിയുടെ കാര്യത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി യു.എ.ഇ . പ്രമുഖ അന്താരാഷ്ട്ര സർവേ ഏജൻസിയായ ഗാലപ്പ്, 107 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ അഭിമാന നേട്ടം യു.എ.ഇ സ്വന്തമാക്കിയത്.
ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമിറ്റിലാണ് സർവേ ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മികച്ച തൊഴിൽ അവസരങ്ങൾ, സാമ്പത്തിക സ്ഥിരത, ശക്തമായ സുരക്ഷാ സംവിധാനം എന്നിവയാണ് യു.എ.ഇയെ മുന്നിലെത്തിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യു.എ.ഇയിലെ ജനസംഖ്യയിലെ ഏകദേശം മൂന്നിലൊന്ന് പേർ തങ്ങളുടെ ജീവിത നിലവാരത്തിൽ പൂർണ്ണ സംതൃപ്തരാണെന്നും സർവേ വ്യക്തമാക്കുന്നു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലും, വികസന പ്രവർത്തനങ്ങളിലും യു.എ.ഇ മുൻപന്തിയിലാണ്. പട്ടികയിൽ കുവൈത്ത് രണ്ടാം സ്ഥാനവും, ബഹ്റൈൻ മൂന്നാം സ്ഥാനവും നേടി.



