ദുബൈ : യു.എ.ഇയിൽ ചില കച്ചവട സ്ഥാപനങ്ങൾ സാധനങ്ങളുടെ വില അന്യായമായി വർധിപ്പിച്ച പരാതിയെ തുടർന്ന് അധികൃതർ കർശന നടപടി ആരംഭിച്ചു. സൂപ്പർമാർക്കറ്റുകൾക്കും റീട്ടെയിൽ കടകൾക്കും നേരെ വ്യാപക പരിശോധനയാണ് നടക്കുന്നത്. പഴം-പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില അധികൃതർ നിരന്തരം നിരീക്ഷിക്കുന്നതായും അറിയിച്ചു.
പരിശോധനയിൽ അനാവശ്യമായി വില കൂട്ടിയതായി കണ്ടെത്തിയ 449 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അതേസമയം രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവില്ലെന്നും വിതരണ സംവിധാനം സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി.
സംശയാസ്പദമായ വില വർധന ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾ ബിൽ സൂക്ഷിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ പരാതി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.



