അബൂദബി: മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 375 പേരെ അറസ്റ്റ് ചെയ്ത് അബൂദബി പൊലീസ്. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനാണ് നടപടി.
സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊലീസ് നേരത്തെ തന്നെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഈ നിർദ്ദേശങ്ങൾ അവഗണിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
സൈബർ പട്രോളിംഗിലൂടെയാണ് നിയമലംഘകരെ കണ്ടെത്തിയത്.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് യുഎഇ നിയമപ്രകാരം കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പൊതുജന സുരക്ഷയും രാജ്യത്തിന്റെ സമാധാനവും കണക്കിലെടുത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് നിർദേശിച്ചു.



