ദുബൈ : മനുഷ്യസ്നേഹത്തിൻ്റെ മറ്റൊരു ഉദാഹരണമായി ദുബൈ ഭരണകൂടം വീണ്ടും ശ്രദ്ധ നേടുന്നു. അപൂർവ അസ്ഥിരോഗം ബാധിച്ച പാക്കിസ്ഥാനിലെ ഒരു കുഞ്ഞിന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ ദുബൈ അധികൃതർ മിന്നൽ വേഗത്തിൽ മെഡിക്കൽ വിസ അനുവദിച്ചു. (ജിഡിആർഎഫ്എ) നടപടിക്രമങ്ങൾ വേഗത്തിലാക്കിയതോടെയാണ് കുട്ടിക്ക് ദുബൈയിലെത്താനുള്ള വഴി തുറന്നത്.
ദുബൈയിലെ അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ആശുപത്രിയിലെ ചികിത്സയായിരുന്നു കുഞ്ഞിന് വേണ്ടിയുള്ള പ്രതീക്ഷ .സമയം നിർണായകമായ സാഹചര്യത്തിൽ അധികൃതർ ഫയൽ നടപടികൾക്ക് മുൻഗണന നൽകി വിസ അതിവേഗം അനുവദിച്ചു.
ഈ സഹായത്തിന് നന്ദി അറിയിക്കാൻ ആശുപത്രിയിലെ ക്ലിനിക്കൽ ഗവേഷകൻ പ്രൊഫസർ മുഹമ്മദ് സുൽഫിക്കറും സംഘവും ജിഡിആർഎഫ്എ ആസ്ഥാനത്തെത്തി. ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുമായി ഇവർ കൂടിക്കാഴ്ച നടത്തി നന്ദി അറിയിച്ചു. അപൂർവ രോഗങ്ങളോട് പോരാടുന്ന നിരവധി കുടുംബങ്ങൾക്ക് ഇത്തരം പിന്തുണ വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് പ്രൊഫസർ സുൽഫിക്കർ വ്യക്തമാക്കി.
ഒരു കുരുന്നിൻ്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി സഹായിച്ച ഈ നീക്കം, ദുബൈ ഭരണകൂടത്തിൻ്റെ മനുഷ്യസ്നേഹത്തിൻ്റെയും ഉത്തരവാദിത്വത്തത്തിൻ്റെയും മാതൃക സമീപനത്തെയാണ് വീണ്ടും തുറന്ന് കാണിക്കുന്നത്.



