ദുബൈ : ദുബൈ ജബൽ അലി തുറമുഖത്ത് കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷ്യശേഖരം കണ്ടെത്തി അർഹരായവരിലേക്ക് എത്തിക്കുന്നതിനായി ‘സസ്റ്റൈനബിൾ ഗുഡ്‌നെസ്’ എന്ന പുതിയ പദ്ധതിക്ക് യുഎഇ തുടക്കമിട്ടു. യുഎഇ ഫുഡ് ബാങ്കും ഡിപി വേൾഡ് ഫൗണ്ടേഷനും ദുബൈ മുനിസിപ്പാലിറ്റി, ദുബൈ കസ്റ്റംസ് എന്നിവയുമായി സഹകരിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.
തുറമുഖത്ത് കെട്ടിക്കിടക്കുന്നതും ഉടമസ്ഥരില്ലാത്തതുമായ ഭക്ഷണസാധനങ്ങൾ കടുത്ത ഗുണനിലവാര-ആരോഗ്യ പരിശോധനകൾക്ക് ശേഷമായിരിക്കും യുഎഇ ഫുഡ് ബാങ്കിന്റെ ശൃംഖല വഴി വിതരണം ചെയ്യുക. ഭക്ഷണം പാഴായിപ്പോകുന്നത് തടയുന്നതിനൊപ്പം കമ്പനികൾക്ക് തങ്ങളുടെ ഭക്ഷ്യശേഖരം സന്നദ്ധമായി ഫുഡ് ബാങ്കിലേക്ക് സംഭാവന ചെയ്യാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും ഈ പദ്ധതി സഹായിക്കും.
മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്കൊപ്പം സുസ്ഥിരത ഉറപ്പാക്കാനും കൃത്യമായ ഏകോപനത്തിലൂടെ വിഭവങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്തിക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.



