അബൂദബി: സ്വകാര്യ സ്കൂളുകളിൽ ട്യൂഷൻ ഫീസ് കുടിശ്ശിക വരുത്തിയാലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിക്കാൻ പാടില്ലെന്ന് അബൂദബി വിദ്യാഭ്യാസ-ജ്ഞാന വകുപ്പ് (ADEK) വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിനൊപ്പം, ഫീസ് കുടിശ്ശിക ഈടാക്കാൻ സ്കൂളുകൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങളും അതോറിറ്റി കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്.
ഫീസ് അടയ്ക്കാൻ വൈകുന്ന രക്ഷിതാക്കൾക്ക് സ്കൂളുകൾ ആദ്യം കുറഞ്ഞത് ഒരു ആഴ്ചത്തെ സമയപരിധി നൽകി തുടർച്ചയായി മൂന്ന് തവണ രേഖാമൂലം ഓർമ്മപ്പെടുത്തൽ നോട്ടീസുകൾ അയക്കണം. എന്നിട്ടും ഫീസ് അടച്ചില്ലെങ്കിൽ, ഒരു അധ്യയന ടേമിൽ പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രം വിദ്യാർത്ഥിയുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെക്കാം. എന്നാൽ, ഇത് ഒരു ടേമിൽ ഒരു തവണ മാത്രമേ ചെയ്യാവൂ എന്നും ഒരു കാരണവശാലും പരീക്ഷകളിൽ നിന്ന് കുട്ടികളെ വിലക്കാൻ സ്കൂളുകൾക്ക് അധികാരമില്ലെന്നും അഡെക് കർശനമായി ഓർമ്മിപ്പിച്ചു.
അതേസമയം, കുടിശ്ശികയുള്ള തുക ഈടാക്കുന്നതിനായി വിദ്യാർത്ഥികളുടെ പരീക്ഷാ സർട്ടിഫിക്കറ്റുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ (TC) എന്നിവ തടഞ്ഞുവെക്കാനും, സ്റ്റുഡന്റ് ഇൻഫർമേഷൻ സിസ്റ്റം (eSIS) വഴി മറ്റ് സ്കൂളുകളിലേക്കുള്ള മാറ്റം തടയാനും സ്കൂളുകൾക്ക് അനുമതിയുണ്ട്. കൂടാതെ, അടുത്ത അധ്യയന വർഷത്തേക്കുള്ള റീ-എൻറോൾമെന്റ് നിഷേധിക്കാനും സ്കൂളുകൾക്ക് സാധിക്കും. എന്നാൽ ഇത്തരത്തിൽ റീ-എൻറോൾമെന്റ് നൽകില്ലെന്ന കാര്യം അധ്യയന വർഷം അവസാനിക്കുന്നതിന് മൂന്ന് മാസം മുൻപെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണം. 2025-2026 അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ അബൂദബിയിലെ എല്ലാ സ്വകാര്യ സ്കൂളുകളും ഈ നയം പൂർണ്ണമായി പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്



