അബൂദബി: യുഎഇയുടെ യാത്രാമേഖലയിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന ഇത്തിഹാദ് റെയിലിന്റെ ആദ്യ സർവീസുകൾക്കായുള്ള ടിക്കറ്റുകൾ വൻതോതിൽ വിറ്റഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിൽ അയ്യായിരത്തിലധികം യാത്രക്കാരാണ് തങ്ങളുടെ സീറ്റുകൾ റിസർവ് ചെയ്തത്. ജൂൺ 30-ന് ആരംഭിക്കുന്ന ഈ ചരിത്രപരമായ പാസഞ്ചർ ട്രെയിൻ സർവീസിന്റെ ഭാഗമാകാൻ യുഎഇ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ടിക്കറ്റ് വിൽപന സജീവമായതോടെ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് യുഎഇയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്ലിക്കേഷനായി മാറി. പ്രാരംഭ ഘട്ടത്തിൽ അബൂദബിയിൽ നിന്നും ഫുജൈറയിലേക്കും തിരിച്ചുമുള്ള റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 55 ദിർഹമാണ് നിലവിൽ ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
സാധാരണക്കാർക്ക് പുറമെ സ്കൂളുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ടൂറിസ്റ്റ് ഗ്രൂപ്പുകൾ എന്നിവർക്കായി ഗ്രൂപ്പ് ബുക്കിംഗ് സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഭൂപ്രകൃതിയിലെ സങ്കീർണ്ണതകൾ മറികടന്ന് മരുഭൂമികളിലൂടെയും മലനിരകളിലൂടെയും കുതിച്ചുപായാൻ ഒരുങ്ങുന്ന ഇത്തിഹാദ് റെയിൽവേ രാജ്യത്തിന്റെ യാത്രാസംസ്കാരത്തിൽ വലിയൊരു വിപ്ലവത്തിനാണ് വഴിതുറക്കുന്നത്.



