ദുബൈ: അപകടം വരുത്തിയ ശേഷം നിർത്താതെ പോയ വാഹനത്തിലെ ഡ്രൈവർക്ക് ദുബൈ ട്രാഫിക് കോടതി 5,000 ദിർഹം പിഴ ചുമത്തി. യൂറോപ്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്. അപകടം വരുത്തുമ്പോൾ ഇയാൾക്ക് ലൈസൻസുണ്ടായിരുന്നില്ല. ദുബൈയിൽ ബിസിനസ് ബേയിലായിരുന്നു അപകടം.
അശ്രദ്ധമായി വാഹനം പിറകോട്ടെടുക്കവെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ ഇയാൾ വാഹനം നിർത്താതെ പോയി. പിന്നീട് പൊലീസ് സി.സി.ടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്യുന്നതും. അന്വേഷണത്തിൽ ഇയാൾക്ക് സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് ബോധ്യമായി.പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.



