ദുബൈ: നിങ്ങൾ എപ്പോഴെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരകളായിട്ടുണ്ടോ? ഒന്ന് സൂക്ഷിച്ചോളൂ…।
സെർച്ച് എൻജിനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റുകൾ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ ശക്തമാകുന്നുവെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുബൈ പൊലീസ്.
ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റുകളുടെ മാതൃകയിൽ വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ച് പൊതുജനത്തെ വലയിൽ കുടുക്കുകയാണ് തട്ടിപ്പുകാർ.
ഈ വെബ്സൈറ്റുകളിലൂടെ ഇരകളുടെ മൊബൈൽ ഫോണുകളിൽ നിയന്ത്രണം സ്ഥാപിക്കുകയും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്ത് പണം തട്ടുകയും ചെയ്യുന്നതാണ് രീതി.
സംശയകരമായ ആപ്ലിക്കേഷനുകൾ ഒരിക്കലും ഡൗൺലോഡ് ചെയ്യരുത്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇ-ക്രൈം പ്ലാറ്റ്ഫോം മുഖേനയോ അല്ലെങ്കിൽ 901 നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വ്യാജ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഔദ്യോഗിക ജീവനക്കാരാണെന്ന ഭാവത്തിൽ ഇരകളുമായി നേരിട്ട് ബന്ധപ്പെടുന്നു.
തുടർന്ന് റിമോട്ട് കൺട്രോൾ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും, അത് ചെയ്താൽ ഇരയുടെ മൊബൈൽ ഫോൺ സ്ക്രീൻ പൂർണ്ണമായി തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുകയും ചെയ്യും.
ഇതോടെ ബാങ്കുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അവർ ശേഖരിച്ച് അനധികൃതമായി പണം ട്രാൻസ്ഫർ ചെയ്യുകയോ ഓൺലൈൻ പർച്ചേസിനും മറ്റും വിനിയോഗിക്കുകയോ ചെയ്യുമെന്നും മുന്നറിയിപ്പ് നൽകകുകയാണ്
ദുബൈ പോലീസ്.



