റിയാദ്: ചരിത്രപ്രാധാന്യമേറെയുള്ള മദീനയിലെ ഖിബ്‌ലതൈൻ മസ്ജിദ് ഇനി മുതൽ 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നു കൊടുക്കും .
ഇരു വിശുദ്ധ ഗേഹങ്ങളുടെയും സംരക്ഷകനായ സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
വിശ്വാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പ്രാർത്ഥനകളും ആരാധനകളും നടത്താനുള്ള സാഹചര്യം ഉറപ്പാക്കാനാണ് പുതിയ തീരുമാനം.
ഇസ്‌ലാമിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള മസ്ജിദ് “ഖിബ്‌ലതൈൻ” അഥവാ രണ്ട് ഖിബ്‌ലയുള്ള പള്ളിക്ക് ഏറെ ചരിത്രപ്രാധാന്യമുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിക്ക് നമസ്കാര ദിശ ജറുസലേമിലെ മസ്ജിദുൽ അഖ്സയിൽ നിന്ന് മക്കയിലെ കഅബയിലേക്കു മാറ്റാനുള്ള ദിവ്യ സന്ദേശം ലഭിച്ചത് ഇവിടെ വച്ചായിരുന്നു.
ഒരു നമസ്കാരത്തിനിടെ തന്നെ രണ്ട് ദിശകളിലേക്ക് മുഖം തിരിച്ച് പ്രാർത്ഥന നടന്ന ഏക പള്ളി എന്ന നിലയിലാണ് ഖിബ്‌ലതൈൻ മസ്ജിദ് അറിയപ്പെടുന്നത്.
മദീനയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായും പ്രവാചകനുമായി നേരിട്ട് ബന്ധപ്പെട്ട മഹത്തായ സ്മാരകമായും ഇതിന് പ്രത്യേക സ്ഥാനമുണ്ട്.
പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഈ ചരിത്രപള്ളി ഇനി ദിവസം മുഴുവൻ തുറന്നിരിക്കുകയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന വിശ്വാസികൾക്ക് കൂടുതൽ ആത്മീയ അനുഭവം പകരുകയും ചെയ്യും.



