അബൂദബി : സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒമ്പത് അറബ് പൗരന്മാർക്കെതിരെ യു.എ.ഇയിൽ വിചാരണ ആരംഭിച്ചു .
സംഘടിത കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഇവർക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പബ്ലിക് പ്രോസിക്യൂഷന്റെ ‘മൈ സേഫ് സൊസൈറ്റി’ പ്ലാറ്റ്‌ഫോം വഴിയാണ് ഇര പരാതി നൽകിയിരിക്കുന്നത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഘം ഇരയെ വഞ്ചിച്ച് അവരുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.
തുടർന്ന് കൈകൾ ബന്ധിച്ച് ഒരാഴ്ച തടവിലിട്ടതായും ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയതായും മൊഴിയിലുണ്ട്.
അന്വേഷണത്തിൽ സംഘം ഇരയെ കടപ്പത്രങ്ങളിൽ ഒപ്പിടാൻ നിർബന്ധിച്ചതും പണം ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനായി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും പൊലീസ് കണ്ടെത്തി.
അതെസമയം പ്രതികളെ ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസ് പിടികൂടി. കേസിൽ ഉപയോഗിച്ച ഉപകരണങ്ങളും തെളിവുകളും അധികൃതർ കണ്ടുകെട്ടി. പ്രതികളുടെ മുഖം മറച്ച ചിത്രങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയ്‌ക്ക് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.



