ദുബൈ : ദുബൈയിൽ കളഞ്ഞു കിട്ടുന്ന വസ്തുക്കൾ കണ്ടെത്തി പൊലീസിൽ ഏൽപിക്കുന്നവർക്ക് ഇനി വലിയ പ്രതിഫലം ലഭിക്കും. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച പുതിയ ‘ലോസ്റ്റ് & ഫൗണ്ട്’ നിയമപ്രകാരമാണ് പ്രതിഫലം ലഭിക്കുക. കണ്ടെത്തിയ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെയും, പരമാവധി 50,000 ദിർഹം വരെയും സമ്മാനം ലഭിക്കും.
നിയമം കണ്ടെത്തുന്ന വസ്തുക്കളെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്നു: നഷ്ടപ്പെട്ടവയും ഉപേക്ഷിച്ചവയും. മൂല്യമുള്ളതും ഉടമസ്ഥാവകാശമുള്ളതുമായ പണവും വസ്തുക്കളും മനപൂർവ്വമല്ലാതെ നഷ്ടപ്പെട്ടവയായി കണക്കാക്കുന്നു. എന്നാൽ ഉദ്ദേശപൂർവ്വം ഉപേക്ഷിച്ച വസ്തുക്കൾ ‘ഉപേക്ഷിച്ചത്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ഈ നിയമ പരിധിയിൽപ്പെടില്ല.
ആർക്കെങ്കിലും ഇത്തരത്തിൽ വസ്തു ലഭിച്ചാൽ, ആദ്യം 24 മണിക്കൂറിനുള്ളിൽ ദുബൈ പൊലീസിന്റെ ഓൺലൈൻ സംവിധാനത്തിൽ വിവരം രജിസ്റ്റർ ചെയ്‌തിരിക്കണം. തുടർന്ന് 48 മണിക്കൂറിനകം ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വസ്തു കൈമാറണം. കണ്ടെത്തിയ വസ്തു ഉപയോഗിക്കുകയോ, സ്വന്തം ഉടമസ്ഥതയെന്ന് അവകാശപ്പെടുകയോ ചെയ്യുന്നത് നിരോധിതമാണ്.
ഒരു വർഷത്തിനുള്ളിൽ യഥാർത്ഥ ഉടമസ്ഥൻ വസ്തുവിന് വേണ്ടി വരാത്ത പക്ഷം, ചില നിബന്ധനകൾ അടിസ്ഥാനമാക്കി കണ്ടെത്തിയയാൾക്ക് അതു സ്വന്തമാക്കാൻ അവസരം ലഭിക്കും. എന്നാൽ പിന്നീട് ഉടമസ്ഥൻ തിരിച്ചെത്തിയാൽ വസ്തു അദ്ദേഹത്തിന് തന്നെ കൈമാറേണ്ടതുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് 2 ലക്ഷം ദിർഹം വരെ പിഴയും മറ്റ് ക്രിമിനൽ നടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.



