മലയാളികളുടെ മനസ്സിൽ ചിരിയും ചിന്തയും ഒരുപോലെ പകർന്ന പ്രിയ നടൻ ശ്രീനിവാസൻ വിടവാങ്ങി. 69 വയസ്. നടൻ എന്നതിലുപരി തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധ നേടിയത്.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ വിമല. മക്കൾ: സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ.
നർമ്മത്തിന്റെ മേമ്പോടിയോടെ സാധാരണ മനുഷ്യരുടെ ജീവിതസമസ്യകൾ വെള്ളിത്തിരയിലെത്തിച്ച കലാകാരനായിരുന്നു ശ്രീനിവാസൻ.
മൂന്നു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ സർവമേഖലകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമകൾ ഒരു കാലഘട്ടത്തിന്റെ സാമൂഹിക രേഖകളായി മാറി.
1956 ഏപ്രിൽ ആറിന് തലശേരിക്കടുത്ത പാട്യത്ത് ജനിച്ച ശ്രീനിവാസൻ, നാടക രംഗത്തിലൂടെയാണ് കലാജീവിതം ആരംഭിച്ചത്.
1977-ൽ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടി സിനിമയിലെത്തി. പി. എ. ബക്കറുടെ ‘മണിമുഴക്ക’ത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ വഴി തിരക്കഥാകൃത്തായി ശ്രദ്ധിക്കപ്പെട്ടു.
പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ എന്നിവരോടൊപ്പമുള്ള കൂട്ടുകെട്ടുകൾ മലയാള സിനിമയുടെ വിജയ സൂത്രവാക്യമായി. ‘ടി. പി. ബാലഗോപാലൻ എം.എ’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’, ‘നാടോടിക്കാറ്റ്’, ‘സന്ദേശം’, ‘വെള്ളാനകളുടെ നാട്’ തുടങ്ങിയ ചിത്രങ്ങൾ ഈ കാലഘട്ടത്തിന്റെ പ്രതീകങ്ങളായി.
‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’, ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’, ‘ഉദയനാണ് താരം’, ‘കഥ പറയുമ്പോൾ’, ‘അറബിക്കഥ’ തുടങ്ങിയവയിൽ അഭിനേതാവായും അദ്ദേഹം തിളങ്ങി. സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്രം’ സംസ്ഥാന അവാർഡും ‘ചിന്താവിഷ്ടയായ ശ്യാമള’ ദേശീയ പുരസ്കാരവും നേടി.
‘സന്ദേശം’ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ‘മഴയെത്തും മുമ്പേ’ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും നേടി. 2008-ൽ ബഹദൂർ അവാർഡും, 2010-ൽ സമഗ്ര സംഭാവനയ്ക്കുള്ള ഏഷ്യാവിഷൻ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
മക്കളായ വിനീതും ധ്യാനും സിനിമ–സംഗീത രംഗങ്ങളിൽ സജീവമായപ്പോൾ അവർക്കൊപ്പവും ശ്രീനിവാസൻ സാന്നിധ്യം അറിയിച്ചു. ‘മകന്റെ അച്ഛൻ’ എന്ന ചിത്രത്തിൽ അച്ഛനും മകനും ഒരുമിച്ച് അഭിനയിച്ചത് പ്രത്യേക ശ്രദ്ധ നേടി.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും തലമുറകളെ സ്വാധീനിച്ച ശ്രീനിവാസന്റെ വിടവാങ്ങൽ മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത നഷ്ടമാണ്.



