ദുബൈ: ആഘോഷങ്ങൾ കൊണ്ട് നമ്മെ അക്ഷരാർത്ഥത്തിൽ വിസ്മയിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ദുബൈ. കാഴ്ചകളുടെ വസന്തം ദുബൈ നമുക്ക് മുന്നിൽ ഒരുക്കി. ഒരു ബുദ്ധിമുട്ടും കൂടാതെ ന്യൂഇയർ ആഘോഷങ്ങളിൽ പങ്കുചേരാനും സുരക്ഷിതമായി വീട് അണയാനും കഴിഞ്ഞതിൽ നമ്മൾ നന്ദി പറയേണ്ടത് യു.എ.ഇയിലെ രണ്ട് സർക്കാർ വകുപ്പുകളോട് കൂടിയാണ്.
ദുബൈ പോലീസും ആർ.ടി.എയും ആണ് അവർ. നമ്മൾ ആഘോഷത്തിൽ ആറാടുമ്പോൾ ഒരു ചെറു പഴുതുപോലുമില്ലാതെ നമുക്ക് സുരക്ഷ ഒരുക്കുന്ന തിരക്കിലായിരുന്നു അവർ. ഡിസംബർ 31ന് ഉച്ചക്ക് ശേഷം മുതൽ തന്നെ ദുബൈയുടെ വിവിധ ഭഗളങ്ങളിലേക്ക് ആളുകൾ പുതു വർഷം ആഘോഷിക്കാൻ എത്തിയിരുന്നു. അവർക്ക് സുരക്ഷിതമായി വിവിധ സ്ഥലങ്ങളിൽ എത്താൻ വേണ്ടി ഗതാഗത നിയന്ത്രണങ്ങൾ ഏർപെടുത്തുകയായിരുന്നു ദുബൈ പോലീസിന്റെ ആദ്യ ജോലി.
ആഘോഷങ്ങൾ തുടങ്ങിയപ്പോൾ തങ്ങളുടെ അതിഥികൾക്ക് ഒരു പ്രയാസവും ഉണ്ടാകാതെ ഇരിക്കാൻ അവർ ജാഗരൂഖരായിരുന്നു.
ഒടുവിൽ 2026 പിറന്ന് അവിടെയെത്തിയ ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സംവിധാനവും ദുബൈ പോലീസും ആർ.ടി.എയും ഒരുക്കി. ഇതു കൊണ്ട് മാത്രം കഴിഞ്ഞില്ല. മണിക്കൂറുകൾക്കുള്ളിൽ ദുബൈ നഗരത്തെ മാലിന്യമുക്തമാക്കിയും അവർ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. നന്ദി ദുബൈ ഞങ്ങൾക്ക് അവിസ്മരണീയമായൊരു പുതുവർഷ രാവ് ഒരുക്കിയതിന്…..



