ക്രിസ്മസ്–പുതുവത്സര അവധി കഴിഞ്ഞ് ഗൾഫ് നാടുകളിലേക്ക് മടങ്ങുന്ന യാത്രക്കാർ പ്രതിസന്ധിയിൽ.
വിമാന ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർധനയാണ് കാരണം.
സാധാരണ 8,000 മുതൽ 14,000 രൂപ വരെ മാത്രമായിരുന്ന ഗൾഫ് റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് ഇപ്പോൾ 35,000 മുതൽ 62,000 രൂപ വരെ ഉയർന്നിരിക്കുകയാണ്.
നാളെ കോഴിക്കോട്ടുനിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യാൻ 45,000 രൂപയും, അബൂദബിയിലേക്ക് 41,000 രൂപയും, ഷാർജയിലേക്ക് 46,000 രൂപയും നൽകേണ്ടിവരും.
അതേസമയം, ഈ നഗരങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങാൻ 15,000 മുതൽ 18,000 രൂപ വരെ മതിയാകും. ദോഹയിലേക്ക് ടിക്കറ്റ് നിരക്ക് 35,000 രൂപയായപ്പോൾ, ജിദ്ദയിലേക്ക് 62,000 രൂപ വരെയെത്തി.
അവധിക്കാലം നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം മടങ്ങുന്ന പ്രവാസികളെയാണ് നിരക്കുവർധന ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് എയർലൈൻ കമ്പനികൾ നിരക്ക് മൂന്നിരട്ടിവരെ ഉയർത്തിയെന്നാണ് വ്യാപകമായി ഉയരുന്ന പരാതി.



