ന്യൂഡൽഹി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യ–യു.എ.ഇ ബന്ധത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദർശനം.
“എൻ്റെ സഹോദരൻ, യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയി. ഇന്ത്യ-യു.എ.ഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്” എന്നിങ്ങനെയാണ് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചത്
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിൻ്റെ ഇന്ത്യ സന്ദർശനം. മേഖലയിൽ ഉണ്ടായിരിക്കുന്ന വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലാണ് യു.എ.ഇ പ്രസിഡന്റിന് വിരുന്നൊരുക്കിയത്. കുറച്ചുസമയത്തെ സന്ദർശനത്തിന് ശേഷം അദ്ദേഹം ഇന്ന് തന്നെ ഇന്ത്യ വിടുമെന്നാണ് സൂചന.



