അബൂദബി: കടലിന് മുകളിലൂടെ അതിവേഗ യാത്ര സാധ്യമാക്കുന്ന ഇലക്ട്രിക് സീ ഗ്ലൈഡറുകൾ അബൂദബിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.
അഞ്ച് മുതൽ ആറു വരെ യാത്രക്കാരെ ഒരേസമയം കൊണ്ടുപോകാൻ കഴിയുന്ന ഈ ഗ്ലൈഡറുകൾ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ല. കടൽനിരപ്പിൽ നിന്ന് നാല് മീറ്റർ മുതൽ 150 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ അബൂദബി നഗരത്തെയും അൽ ദഫ്‌റ മേഖലയെയും ബന്ധിപ്പിച്ചായിരിക്കും സർവീസ് ആരംഭിക്കുക. എല്ലാ പഠനങ്ങളും പൂർത്തിയാക്കിയ ശേഷം 2028ൽ വാണിജ്യാടിസ്ഥാനത്തിൽ സീ ഗ്ലൈഡർ സർവീസ് ആരംഭിക്കാനാണ് പദ്ധതി. യു.എ.ഇയിലെ പ്രമുഖ സാങ്കേതിക കമ്പനിയായ വെർസ അഡ്വാൻസ്ഡ് മറൈറ്റം സർവീസാണ് പദ്ധതിക്ക് പിന്നിൽ.



