ദുബൈ : കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലുടനീളം പെയ്ത ശക്തമായ മഴയിൽ നമ്പർ പ്ലേറ്റുകൾ നഷ്ടമായ
വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ആശ്വാസമായി പുതിയ സേവനം ആരംഭിച്ച് ഷാർജ പോലീസ്.
നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ ഇനി സൗജന്യമായി വീടുകളിലെത്തിച്ച് നൽകും. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സേവനം ലഭ്യമാകുന്നതിലൂടെ പൊലീസ് സ്റ്റേഷനുകളിലേക്കോ സർവീസ് സെന്ററുകളിലേക്കോ നേരിട്ട് എത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ലക്ഷ്യം. അസ്ഥിര കാലാവസ്ഥയിൽ ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശമെന്ന് അധികൃതർ വ്യക്തമാക്കി.



