ഷാർജ: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ ശ്രദ്ധേയ നേട്ടവുമായി ഷാർജ. വേസ്റ്റ്-ടു-എനർജി പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യഘട്ടത്തിൽ ഏകദേശം 10 ലക്ഷം ടൺ മാലിന്യം സംസ്‌കരിച്ച് ഊർജമായി മാറ്റിയതായി അധികൃതർ അറിയിച്ചു.
നിലവിൽ പ്ലാന്റ് 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതോടൊപ്പം വർഷംതോറും ഏകദേശം 4.5 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലും സഹായിക്കുന്നു. മാലിന്യങ്ങൾ ലാൻഡ്‌ഫില്ലുകളിലേക്ക് പോകുന്നത് കുറച്ച് പരിസ്ഥിതി സൗഹൃദ രീതിയിൽ ഊർജമായി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ വൈദ്യുതി ഉൽപാദന ശേഷി 60 മെഗാവാട്ടായി ഉയരും. അതോടെ വാർഷിക മാലിന്യസംസ്‌കരണ ശേഷി 3 ലക്ഷം ടൺ മുതൽ 6 ലക്ഷം ടൺ വരെ വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



