ഷാർജ:ഷാർജയിലെ നഴ്‌സറികൾ ഏപ്രിൽ 16 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. യുഎഇ എഡ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സർക്കാർ കെട്ടിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവർത്തിക്കുന്ന നഴ്‌സറികളായിരിക്കും ആദ്യഘട്ടത്തിൽ തുറക്കുക. അധ്യാപകരും ജീവനക്കാരും ഏപ്രിൽ 15 മുതൽ നഴ്‌സറികളിൽ ഹാജരാകണം.
കുട്ടികൾ എത്തുന്നതിന് മുന്നോടിയായി അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനം ഈ ഘട്ടത്തിൽ നൽകും. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതി.



