ദുബൈ : ദുബൈയുടെ പൊതുഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ മെട്രോ ഗോൾഡ് ലൈൻ വരുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 34 ബില്യൺ ദിർഹം മൂല്യമുള്ള ‘ഗോൾഡ് ലൈൻ’ മെട്രോ പദ്ധതി പ്രഖ്യാപിച്ചത്.
42 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത പൂർണമായും ഭൂമിക്കടിയിലൂടെ സഞ്ചരിക്കുകയും ദുബൈയിലെ 15 പ്രധാന മേഖലകളിലൂടെ കടന്നുപോകുകയും ചെയ്യും. 18 മെട്രോ സ്റ്റേഷനുകളാണ് ഉണ്ടാവുക. 40 മീറ്റർ വരെ ആഴത്തിൽ നിർമ്മിക്കുന്ന ഈ പദ്ധതി നിലവിലെ മെട്രോ നെറ്റ്‌വർക്കിനെ 25 ശതമാനം വരെ വിപുലീകരിക്കുമെന്നാണ് വിലയിരുത്തൽ. 2032 സെപ്റ്റംബർ 9നകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.
പുതിയ പാത പ്രവർത്തനക്ഷമമായാൽ ഏകദേശം 4.65 ലക്ഷം യാത്രക്കാരെ സേവിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അൽ ഘുബൈബ മുതൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് വരെ നീളുന്ന ഈ ലൈൻ, നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായും 55 താമസ മേഘലകളുമായും ബന്ധിപ്പിക്കും. ദുബൈയെ ലോകത്തിലെ മികച്ച നഗരമായി മാറ്റാനുള്ള ദീർഘകാല ദർശനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.



