ദുബൈ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഖോർ അൽ മംസാർ ബീച്ച് ദുബൈ മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ മംസാർ ബീച്ച് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായതോടെയാണ് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ സന്ദർശകർക്കായി ഒരുങ്ങിയത്.
27.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ തീരദേശ കേന്ദ്രം കുടുംബങ്ങൾക്കായി ദുബൈയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറും. വിനോദം, കായികം, വിശ്രമം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടമായ അൽ മംസാർ കോർണിഷ് കൂടി പൂർത്തിയാകുന്നതോടെ പ്രതിവർഷം സന്ദർശകരുടെ എണ്ണം 70 ലക്ഷത്തിലെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നഗരവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പ്രകൃതിഭംഗിയും ആധുനികതയും കോർത്തിണക്കിയാണ് ബീച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.



