ദുബൈ: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മയക്കുമരുന്ന് പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ദുബൈ പൊലീസ് നടപടി കടുപ്പിച്ചു. മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 110 വെബ്‌സൈറ്റുകളാണ് അധികൃതർ ബ്ലോക്ക് ചെയ്തത്.
വിവിധയിടങ്ങളിൽ നടത്തിയ ആറ് പ്രധാന ഓപ്പറേഷനുകളിലൂടെ നിരവധി പ്രതികളെ പിടികൂടുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ 90 ഓളം രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെച്ചതിലൂടെ വിദേശരാജ്യങ്ങളിലും പ്രതികളെ പിടികൂടാൻ സാധിച്ചതായി ദുബൈ പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഡിജിറ്റൽ ലോകത്തെ ഇത്തരം കുറ്റകൃത്യങ്ങൾ ദുബൈ പൊലീസ് നിരീക്ഷിക്കുന്നത്. നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് മേജർ ജനറൽ ഹാരിബ് അൽ ഷംസി വ്യക്തമാക്കി.



