യുഎഇ: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾക്കായി ആദ്യം തുറക്കുന്ന സ്റ്റേഷനുകൾ പ്രഖ്യാപിച്ച് അധികൃതർ. അബൂദബിയിലെ മദീനത്ത് സായിദ്, ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ഫുജൈറ സ്റ്റേഷൻ എന്നിവയാണ് ആദ്യ ഘട്ടത്തിൽ സർവീസിനായി സജ്ജമാകുന്നത്.
ഇതിൽ ഫുജൈറ സ്റ്റേഷന്റെ പണികൾ പൂർത്തിയായതായും അബൂദബി, ദുബൈ സ്റ്റേഷനുകളുടെ അവസാനഘട്ട മിനുക്കുപണികൾ നടക്കുകയാണെന്നും ഇത്തിഹാദ് റെയിൽ കൊമേഴ്ഷ്യൽ ഡയറക്ടർ അദ്ര അൽ മൻസൂരി അറിയിച്ചു. മുൻപ് പ്രഖ്യാപിച്ചതുപോലെ 2026-ൽ തന്നെ പാസഞ്ചർ സർവീസുകൾ ആരംഭിക്കും.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ വഴി അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് വെറും 105 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും. സുരക്ഷിതവും സുസ്ഥിരവുമായ യാത്രാനുഭവത്തോടൊപ്പം യാത്രക്കാരുടെ സമയം ലാഭിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.



