യുഎഇ: യുഎഇയിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്കും വിസ അപേക്ഷകർക്കും കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവുമായ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് അൽഹിന്ദ് ഗ്രൂപ്പ് 16 പുതിയ വിസാ അപേക്ഷാ-കോൺസുലർ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രങ്ങൾ 2026 ജൂലൈ 1 മുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
ഇന്ത്യൻ പൗരന്മാർക്കായുള്ള കോൺസുലർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ അപേക്ഷകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും അൽഹിന്ദ് ഗ്രൂപ്പുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. പ്രവാസി സമൂഹത്തിന് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം.
അബൂദബി, ദുബൈ, അൽ ഐൻ, മുസഫ, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലും ജനസാന്ദ്രതയേറിയ കേന്ദ്രങ്ങളിലുമായിരിക്കും ഈ പ്രത്യേക ഓഫീസുകൾ പ്രവർത്തിക്കുക. പുതിയ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള തിരക്ക് ഒഴിവാക്കാനും അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.



