ലൈസൻസ് ഇല്ലാത്ത ഗ്യാസ് സിലിണ്ടർ വിൽപ്പനക്കാരുമായി ഇടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പ് നൽകി ദുബൈ പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന അനധികൃത റീഫില്ലിംഗ് പ്രവർത്തനങ്ങൾ ഗുരുതര അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി. ചില അനധികൃത വിൽപ്പനക്കാർ പഴയതും സുരക്ഷിതമല്ലാത്തതുമായ രീതികളിൽ ഗ്യാസ് സിലിണ്ടറുകൾ റീഫിൽ ചെയ്യുകയാണ്, ഇത് തീപിടിത്തം, സ്ഫോടനം പോലുള്ള അപകട സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഈ വർഷം ഇതുവരെ നടത്തിയ പരിശോധനകളിൽ 300 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം 575 സിലിണ്ടറുകളും, 2024ൽ 1,361 സിലിണ്ടറുകളും പിടികൂടിയിരുന്നു. പൊതുജനങ്ങൾ ഗ്യാസ് സിലിണ്ടറുകൾ എപ്പോഴും അംഗീകൃത കമ്പനികളിൽ നിന്നും ലൈസൻസുള്ള വിതരണക്കാരിൽ നിന്നുമാത്രം വാങ്ങണം, അനധികൃത വിൽപ്പനക്കാരെ ആശ്രയിക്കുന്നത് ജീവനും സ്വത്തിനും അപകടം ഉണ്ടാക്കാമെന്നും ദുബൈ പോലീസ് മുന്നറിയിപ്പ് നൽകി.
യുവർ സേഫ്റ്റി ആൻഡ് യുവർ ഫാമിലി കംസ് ഫസ്റ്റ് എന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പരിശോധനകളും മുന്നറിയിപ്പുകളും ശക്തമാക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും ദുബൈ പോലീസ് അറിയിച്ചു.



