ദുബൈ : ഏപ്രിൽ മാസത്തിൽ യുഎസ് മധ്യസ്ഥതയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ തകർന്നതോടെ മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ–ഇറാൻ സംഘർഷം വീണ്ടും ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുരാജ്യങ്ങളും തമ്മിൽ മിസൈൽ ആക്രമണങ്ങളും വ്യോമാക്രമണങ്ങളും നടന്നു.
വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, ഇറാൻ ഇസ്രായേലിന്റെ വടക്കൻ പ്രദേശങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ഇസ്രായേൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും മിസൈൽ ലോഞ്ച് സൈറ്റുകൾക്കും നേരെ വ്യോമാക്രമണം നടത്തി. അതേസമയം വെടിനിർത്തൽ ലംഘനത്തിന് അമേരിക്കയാണ് ഉത്തരവാദിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇസ്രായേലിന്റെ സൈനിക നടപടികളെ അമേരിക്കയുടെ നയങ്ങളിൽ നിന്ന് വേർതിരിച്ച് കാണാനാകില്ലെന്നും ഇറാൻ ആരോപിച്ചു. സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങളോടും ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ടു. സംഘർഷം വീണ്ടും ഉയർന്നതോടെ ഗൾഫ് മേഖലയും ആഗോള എണ്ണ വിപണിയും ആശങ്കയിലാണ്. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷയും മേഖലയുടെ വ്യാപാര ഗതാഗതവും വീണ്ടും അപകടാവസ്ഥയിലാകുമോ എന്നതാണ് ആശങ്ക.



