അബൂദബി: യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കൂടുതൽ കർശനമാക്കുന്നു. പ്രധാനമായും മാതാപിതാക്കൾ കുട്ടികൾക്കായി വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് നൽകരുതെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി കർശന നിർദ്ദേശം നൽകി.
ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിച്ച്, നിശ്ചിത പ്രായപരിധിയിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ റദ്ദാക്കാനുള്ള പ്രധാന ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, കുട്ടികൾ നിയമത്തിലെ ലൂപ്‌ഹോളുകളിലൂടെ അക്കൗണ്ടുകൾ നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മാതാപിതാക്കളുടെ സജീവമായ പങ്കാളിത്തം ആവശ്യമാണ്. കുട്ടികൾക്ക് സ്വന്തമായി അക്കൗണ്ടുകൾ നിർമ്മിച്ച് നൽകുന്നത് നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് 15-നും 16-നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് നിയന്ത്രണങ്ങളോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാം. എന്നാൽ ഇവരുടെ ഉപയോഗ സമയം, കാണുന്ന ഉള്ളടക്കങ്ങൾ, പ്രൈവസി ക്രമീകരണങ്ങൾ എന്നിവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് പ്രത്യേക പാരന്റൽ കൺട്രോൾ ടൂളുകൾലഭ്യമാക്കാൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ചൈൽഡ് ഇൻഫ്ലുൻസർസിനു പുതിയ നിയമത്തിൽ പൂർണ്ണമായ വിലക്കില്ല. മാതാപിതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും അവരുടെ നിയന്ത്രണത്തിലുള്ളതുമായ അക്കൗണ്ടുകളിലൂടെ കുട്ടികൾക്ക് പോസിറ്റീവായ കണ്ടെന്റുകൾ നിർമ്മിക്കാനും പങ്കുവെക്കാനും അനുമതിയുണ്ടാകും. കുട്ടികൾ നേരിട്ട് അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യുന്നത് തടയുന്നതിലൂടെ അവർ സോഷ്യൽ മീഡിയയിലെ മറ്റ് അപകടങ്ങളിൽ പെടാതിരിക്കാൻ ഇത് സഹായിക്കും.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, നിലവിലുള്ള 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്തി പൂർണ്ണമായും നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസത്തെ സാവകാശം അധികൃതർ നൽകിയിട്ടുണ്ട്. കേവലം ജനനത്തീയതി രേഖപ്പെടുത്തുന്നതിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെട്രിക് ഫേഷ്യൽ റെക്കഗ്നിഷൻ അല്ലെങ്കിൽ ഔദ്യോഗിക ഡിജിറ്റൽ ഐഡി എന്നിവ വഴി പ്രായം പരിശോധിക്കുന്ന സംവിധാനങ്ങൾ പ്ലാറ്റ്‌ഫോമുകൾ ഉടൻ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.



