ദുബൈ: പ്രവാസത്തിന്റെ കഠിനമായ വഴികളിലൂടെ കടന്നുപോയി വ്യവസായ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ പറയുന്ന ‘പൊടി പൊടിച്ച ജീവിതം’ ദുബൈയിൽ പ്രകാശനം ചെയ്തു. ദേരയിലെ ഹയാത്ത് റീജൻസി ഗലേറിയയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ലാൽജോസ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.

എടപ്പാളിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് ഒരുപാട് സ്വപ്നങ്ങളുമായാണ് മൊയ്തുണ്ണി ബാവ ഗൾഫിലെത്തിയത്. എന്നാൽ പ്രവാസത്തിന്റെ ആദ്യകാലം അദ്ദേഹത്തിന് മുന്നിൽ തുറന്നത് എളുപ്പമുള്ള ജീവിതമായിരുന്നില്ല.
കൊടുംചൂടിൽ ഒട്ടകങ്ങളെ മേയ്ക്കേണ്ടിവന്ന ദിവസങ്ങൾ, ലേബർ ക്യാമ്പിലെ കഠിനമായ ജീവിതം, ദേരയിലെ ഫിഷ് മാർക്കറ്റിൽ മത്സ്യക്കുട്ടകൾ ചുമന്ന രാത്രികൾ, ഒളിവുജീവിതത്തിന്റെ ഭയം, ഒടുവിൽ നാഇഫ് ജയിലിലെ തടവുജീവിതം വരെ നീണ്ട അനുഭവങ്ങളിലൂടെയാണ് മൊയ്തുണ്ണി ബാവ കടന്നുപോയത്.
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിൽ അതീഖ് അബ്ദുല്ല അൽ റുഹൂമി നൽകിയ സഹായമാണ് അദ്ദേഹത്തിന് പുതിയൊരു തുടക്കത്തിലേക്ക് വഴിതുറന്നത്. പിന്നീട് ചെറിയൊരു മില്ലിൽ ഒറ്റയ്ക്ക് ജോലി ചെയ്തുതുടങ്ങിയ മൊയ്തുണ്ണി ബാവ കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും വ്യവസായ രംഗത്ത് വളർന്നു. പിന്നീട് നെല്ലറ ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ വളർച്ചയിലേക്കും ആ യാത്ര എത്തി.
മൊയ്തുണ്ണി ബാവയുടെ സംഭവബഹുലമായ ഈ ജീവിതമാണ് മകനും ആർ.എഫ് കമ്പൈൻ ഡയറക്ടറും സി.ഇ.ഒയുമായ എം.കെ. ഫസലുറഹ്മാൻ പുസ്തകത്തിലേക്ക് പകർത്തിയത്. മാധ്യമം ബുക്സാണ് പ്രസാധകർ. തിരക്കഥാകൃത്തും പ്രവാസിയുമായ ഇഖ്ബാൽ കുറ്റിപ്പുറമാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
പുസ്തക പ്രകാശന ചടങ്ങിന് മറ്റൊരു വൈകാരിക ബന്ധവും ഉണ്ടായിരുന്നു. ഒരുകാലത്ത് മൊയ്തുണ്ണി ബാവയ്ക്ക് പ്രതിസന്ധിയിൽ കൈത്താങ്ങായ അതീഖ് അബ്ദുല്ല അൽ റുഹൂമിയുടെ മകൻ മുഹമ്മദ് അതീഖ് അബ്ദുല്ല അൽ റുഹൂമി ചടങ്ങിൽ പങ്കെടുത്തു. അജ്‌മാനിലെ സ്പോൺസറായിരുന്ന ഹസൻ റമദാൻ സലീം അൽ ബലൂശിയും സന്നിഹിതനായിരുന്നു.
ആർ.എഫ് കമ്പൈൻ മാനേജിങ് ഡയറക്ടർ ശംസുദ്ദീൻ കരിമ്പനക്കൽ, ആർ.എഫ് കമ്പൈൻ ഡയറക്ടറും സി.ഇ.ഒയുമായ എം.കെ. ഫസലുറഹ്മാൻ, ആർ.എഫ് കമ്പൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.കെ. അബ്ദുല്ല എന്നിവരും പരിപാടിയുടെ ഭാഗമായി.
ഒരു വ്യക്തിയുടെ ബിസിനസ് വിജയത്തിനപ്പുറം, പഴയ തലമുറയിലെ പ്രവാസികൾ നേരിട്ട കഷ്ടപ്പാടുകളുടെയും അതിജീവനത്തിന്റെയും ഓർമപ്പെടുത്തൽ കൂടിയാണ് ‘പൊടി പൊടിച്ച ജീവിതം’. ഒന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് അധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ജീവിതം പടുത്തുയർത്തിയ മൊയ്തുണ്ണി ബാവയുടെ അനുഭവങ്ങൾ പുതിയ തലമുറയ്ക്കും പ്രവാസലോകത്തിനും പ്രചോദനമാകുകയാണ്.



