ഷാർജ: ലോകപ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 45-ാമത് പതിപ്പിന് നവംബർ നാലിന് തുടക്കമാകും. നവംബർ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇന്ത്യയിൽ നിന്നുള്ള ഒരു മുഖ്യമന്ത്രി ഷാർജ പുസ്തകമേളയിൽ അതിഥിയായി പങ്കെടുക്കുന്നത് ഇതാദ്യമായാണ്.

ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വി.ഡി. സതീശൻ പങ്കെടുക്കുന്ന പ്രത്യേക തീയതി പിന്നീട് അറിയിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അംറി വ്യക്തമാക്കി.
‘Made of Stories’ (കഥകളാൽ മെനഞ്ഞത്) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകമേള സംഘടിപ്പിക്കുന്നത്. നവംബർ നാലിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുൾപ്പെടെ 106 രാജ്യങ്ങളിൽ നിന്നുള്ള 2,200 പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ 15 ലക്ഷത്തിലധികം പുസ്തക ശീർഷകങ്ങൾ അവതരിപ്പിക്കും. 12 ദിവസങ്ങളിലായി 1,500-ലധികം സാംസ്കാരിക, സാഹിത്യ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഒമാനാണ് ഇത്തവണത്തെ വിശിഷ്ടാതിഥി രാജ്യം. ഒമാന്റെ സാഹിത്യവും സാംസ്കാരിക പൈതൃകവും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും മേളയുടെ ഭാഗമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, ചിന്തകർ, കലാകാരന്മാർ, പ്രസാധകർ എന്നിവർ പങ്കെടുക്കുന്ന മേളയിൽ എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പുസ്തക പ്രകാശനങ്ങൾ, സാഹിത്യ ചർച്ചകൾ, കുട്ടികൾക്കായുള്ള പരിപാടികൾ, ശിൽപശാലകൾ എന്നിവയും അരങ്ങേറും.
പ്രമുഖ മലയാള സാഹിത്യകാരന്മാരും ഇത്തവണ പുസ്തകമേളയിൽ പങ്കെടുക്കും. പ്രശസ്ത കവി പി.കെ. ഗോപിയും പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.കേരള മുഖ്യമന്ത്രിയുടെ സാന്നിധ്യം ഇത്തവണത്തെ പുസ്തകമേളയ്ക്ക് മലയാളി പ്രവാസികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



