ദുബൈ: യുഎഇയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്. ഡിജിറ്റൽ ബാങ്കിംഗ് സാങ്കേതികവിദ്യാ കമ്പനിയായ പർപ്പിൾപ്ലമ്മുമായി സഹകരിച്ചാണ് ലുലു മണി ബിസിനസ് പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വിപുലീകരിക്കുന്നത്

ബിസിനസ് അക്കൗണ്ടുകൾ, പേയ്മെന്റുകൾ, രാജ്യാന്തര പണമിടപാടുകൾ, കാർഡുകൾ, ശമ്പള വിതരണം എന്നിവ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും. അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികൾ ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ഉപയോഗിക്കും.
ഭാവിയിൽ പ്രവർത്തന മൂലധന വായ്പകൾ, വ്യാപാര ധനസഹായം, അക്കൗണ്ടിംഗ്, ധനകാര്യ പ്രവർത്തനങ്ങളുടെ ഓട്ടോമേഷൻ തുടങ്ങിയ സേവനങ്ങളും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
യുഎഇയിലെ കമ്പനികളിൽ ഏകദേശം 95 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഈ മേഖലയിലെ ധനകാര്യ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റുകയാണ് പുതിയ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
യുഎഇയിൽ ആരംഭിക്കുന്ന സേവനങ്ങൾ ഭാവിയിൽ ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകൾ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ലക്ഷ്യമിടുന്നു.



