കാൻബറ (ഓസ്ട്രേലിയ): ലൈവ് സ്ട്രീമിങ്ങിൽ നയംമാറ്റവുമായി ഇൻസ്റ്റഗ്രാം. എല്ലാ ഉപയോക്താക്കൾക്കും ഇനി ഇൻസ്റ്റയിൽ ലൈവ് സാധ്യമല്ലെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്യുന്നത്. കുറഞ്ഞത് 1,000 ഫോളോവേഴ്സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനി ‘ലൈവ്’ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കൂ എന്ന് റിപ്പോർട്ടിൽ പറയുന്നു.ഇതുവരെ, ഫോളോവേഴ്സിന്റെ എണ്ണമോ അക്കൗണ്ട് പബ്ലിക് ആണോ പ്രൈവറ്റ് ആണോ എന്നതോ പരിഗണിക്കാതെ ഏതൊരു ഉപയോക്താവിനും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ലൈവിൽ പോകാൻ അനുവാദമുണ്ടായിരുന്നു. ടിക് ടോക്ക് അതിന്റെ ഉപയോക്താക്കൾക്കായി വെച്ചിട്ടുള്ള 1,000-ഫോളോവേഴ്സ് എന്ന നിബന്ധനയ്ക്ക് സമാനമാണ് ഇൻസ്റ്റാഗ്രാമിന്റെ ഈ നീക്കം. ലൈവ് തുടങ്ങാൻ ശ്രമിക്കുകയും എന്നാൽ യോഗ്യതയില്ലാത്തവരുമായ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇനി അവർക്ക് ലഭ്യമല്ലെന്ന ഒരു സന്ദേശം കാണാനാകും.1,000-ത്തിൽ അധികം ഫോളോവേഴ്സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ഇനി ലൈവ് വീഡിയോകൾ ചെയ്യാൻ കഴിയൂ,’ എന്ന് പുതിയ സന്ദേശത്തിൽ പറയുന്നു.ഈ മാറ്റത്തിന് ഇൻസ്റ്റാഗ്രാം പ്രത്യേക കാരണമൊന്നും നൽകിയിട്ടില്ലെങ്കിലും, ലൈവ് കാണുന്നതിലുള്ള മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. ഈ പുതിയ മാറ്റത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അത്ര തൃപ്തരല്ല.
ഇൻസ്റ്റാഗ്രാമിൽ ഇനി മുതൽ എല്ലാവർക്കും ലൈവ് ചെയ്യാൻ സാധിക്കില്ല.



