റിയാദ്: വിസ്മയങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്പകിട്ടും നിറഞ്ഞ ‘റിയാദ് സീസൺ 2025’ന് വെള്ളിയാഴ്ച ഗംഭീര തുടക്കം.
കിങ്‌ഡം അരീന മുതൽ ബൊളിവാർഡ് വേൾഡ് വരെ നീണ്ടുനിന്ന ഉദ്ഘാടന പരേഡില് ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തി.
സ്ത്രീകൾ മുതൽ യുവാക്കളും കുട്ടികളും വരെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുടെ ആവേശപങ്കാളിത്തം റിയാദിനെ ഉത്സവനഗരമാക്കി മാറ്റി.
ന്യൂയോർക്കിലെ പ്രശസ്തമായ മാസീസ് ഭീമൻ ബലൂണുകളുടെ പ്രദർശന
കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ഈ പ്രകടനം, ആഗോള വിനോദലോകത്തിന്റെ മനോഹരതയെ റിയാദിലേക്കു കൊണ്ടുവരികയായിരുന്നു.
ഫ്ലോട്ടുകളും സംഗീതവുമായി നിറഞ്ഞ പരേഡ്, സൗദിയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ആധുനിക വിനോദോപാദികളും ഒരുമിച്ച് വിളിച്ചോതിയ അതുല്യ ദൃശ്യാനുഭവമായി.
ആയിരങ്ങൾ പങ്കെടുത്ത ഉദ്ഘാടന മാർച്ച് ആനന്ദത്തിന്റെ മഹാമേളമായി മാറി.
‘റിയാദ് സീസൺ 2025’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽഷൈഖ് പ്രഖ്യാപിച്ചു.
ആഗോള വിനോദമേഖലയിൽ റിയാദിന്റെ സ്ഥാനം ഉറപ്പിക്കുന്ന പുതിയ തുടക്കമായാണ് ‘റിയാദ് സീസൺ 2025’യെ വിശേഷിപ്പിക്കുന്നത്.



