അബൂദബി : ലോകമെമ്പാടും ശ്രദ്ധ നേടിയ അത്യാധുനിക വിനോദ–ദൃശ്യ അനുഭവ കേന്ദ്രമായ സ്ഫിയർ ഇനി അബൂദബിയിലും വരുന്നു. പദ്ധതി അബൂദബിയുടെ വിനോദ–ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വമ്പൻ ഗോളാകൃതിയിലാണ് ഘടന. 360 ഡിഗ്രി ദൃശ്യ അനുഭവം നൽകുന്ന ഭീമൻ എൽഇഡി സ്ക്രീൻ സംവിധാനവും അത്യുജ്ജ്വലമായ ശബ്ദ സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ചിരിക്കുന്നു.
സിനിമ പ്രദർശനങ്ങൾ, ലൈവ് സംഗീത കച്ചേരികൾ, ഡിജിറ്റൽ ആർട്ട് ഷോകൾ എന്നിവയെ പൂർണ്ണമായും മനോഹരമായ ദൃശ്യാനുഭവങ്ങളാക്കി മാറ്റുന്ന രീതിയിലാണ് സ്ഫിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിൽ ദൃശ്യവിസ്മയമാകുന്ന ലൈറ്റ് ഡിസ്പ്ലേ സംവിധാനവും ഇതിൻ്റെ മറ്റൊരു ആകർഷണമാണ്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ഈ പദ്ധതി
അബൂദബിയുടെ വിനോദ–ടൂറിസം മേഖലക്ക് വലിയ മുന്നേറ്റമാകുമെന്നും നഗരത്തിൻ്റെ ആഗോള വിനോദ കേന്ദ്രമെന്ന പ്രതിഛായ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.



