ദുബൈ : വിശപ്പിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള “എഡ്ജ് ഓഫ് ലൈഫ്” ക്യാമ്പെയിനിന് പിന്തുണയുമായി ദുബൈയിൽ പ്രത്യേക വാഹന നമ്പർ പ്ലേറ്റ് ലേലം സംഘടിപ്പിച്ചു. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ തീരുമാനം എടുത്തത്.
ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടന്ന “മോസ്റ്റ് നോബിള്‍ നമ്പർ” ചാരിറ്റി ലേലത്തിൽ ഒമ്പത് പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ലേലം നടത്തിയത്. DD 6, DD 16, DD 25, DD 30, DD 99, DD 100, DD 999, DD 7000, DD 22222 എന്നിവയാണ് പ്രത്യേക നമ്പറുകൾ.
ലേലത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ലോകമെമ്പാടുമുള്ള അഞ്ചു ദശലക്ഷം കുട്ടികളെ വിശപ്പിൽ നിന്ന് രക്ഷിക്കാൻ ലക്ഷ്യമിടുന്ന “എഡ്ജ് ഓഫ് ലൈഫ്” ക്യാമ്പെയിനിലേക്കാണ് നൽകുന്നത്.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പദ്ധതി ആരംഭിച്ചത്.
യൂണിസെഫ്, സേവ് ദി ചിൽഡ്രൻ, ആക്ഷൻ അഗെയിൻസ്റ്റ് ഹംഗർ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്നാണ് ഈ മനുഷ്യാവകാശ സഹായ പദ്ധതി നടപ്പാക്കുന്നത്.



