ദുബൈ : ആഗോള വ്യാപാര രംഗത്ത് ശ്രദ്ധേയ മുന്നേറ്റവുമായി യുഎഇ. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പുറത്ത് വിട്ട പുതിയ കണക്കുകൾ പ്രകാരം ചരക്ക് കയറ്റുമതിയിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തേക്കാണ് യുഎഇ ഉയർന്നത്.
ഇറക്കുമതിയുടെ കാര്യത്തിൽ രാജ്യം 13-ാം സ്ഥാനവും സ്വന്തമാക്കി. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ പ്രധാന വ്യാപാര കേന്ദ്രമായ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തമായി.
രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാര മൂല്യം ഏകദേശം 4.9 ലക്ഷം കോടി ദിർഹം ആയി ഉയർന്നിട്ടുണ്ട്. തുറമുഖങ്ങൾ, ആധുനിക ലോജിസ്റ്റിക് സൗകര്യങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയുടെ വളർച്ചയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തുന്നത്.
ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായി മാറാനുള്ള യു.എ.ഇയുടെ ദീർഘകാല സാമ്പത്തിക തന്ത്രത്തിനും ഈ നേട്ടം വലിയ പിന്തുണയാകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.



