ദുബൈ: ദുബൈയിലെ താമസമേഖലകളിൽ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നടപ്പിലാക്കിയ റോഡ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. ജുമൈറ 1, അൽ റാഷിദിയ, മുഹൈസിന 1 എന്നിവ ഉൾപ്പെടെ 18 പ്രമുഖ ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ആധുനിക രീതിയിലുള്ള റോഡ് ശൃംഖല യാഥാർത്ഥ്യമാക്കിയത്.
ഏകദേശം 13 കിലോമീറ്ററോളം പുതിയ റോഡുകളുടെ നിർമ്മാണത്തിനൊപ്പം നിലവിലുള്ള പാതകളിൽ ഗതാഗത പരിഷ്കരണങ്ങളും അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ സൈഡ് പാർക്കിംഗ് ഇടങ്ങൾ, കാൽനടയാത്രക്കാർക്കായി സുരക്ഷിതമായ നടപ്പാതകൾ, തെരുവ് വിളക്കുകൾ എന്നിവയടക്കം വിപുലമായ സൗകര്യങ്ങളാണ് ഈ മേഖലകളിൽ ഒരുക്കിയിരിക്കുന്നത്.
നഗരവൽക്കരണവും ജനസംഖ്യാ വർധനവും കണക്കിലെടുത്ത് താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ആർടിഎ വ്യക്തമാക്കി.



