ദുബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തുടരുന്നതിനിടെ പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണ-പ്രതിയാക്രമണങ്ങൾ ശക്തമാകുന്നു.സമാധാന കരാർ പൂർണമായി ഒപ്പുവയ്ക്കുന്നതിന് മുമ്പ് ഇറാന്റെ മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടുനൽകുകയോ ഉപരോധങ്ങൾ പിൻവലിക്കുകയോ ചെയ്യില്ല എന്ന് ട്രംപി പറഞ്ഞു. ഇറാന്റെ പെരുമാറ്റത്തിൽ വ്യക്തമായ മാറ്റം വന്നതിന് ശേഷമേ ഇളവുകൾ നൽകൂവെന്നും NBC News-നു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ കർശന നിലപാട് പ്രഖ്യാപിച്ചത്.
അതേസമയം, സമാധാന കരാറിന്റെ ഭാഗമായി ഏകദേശം 24 ബില്യൺ ഡോളർ വിലവരുന്ന മരവിപ്പിച്ച ആസ്തികൾ മോചിപ്പിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ ആ തുക കുവൈത്തും ബഹ്റൈനും ഉൾപ്പെടെയുള്ള അമേരിക്കൻ സഖ്യരാജ്യങ്ങളുടെ പുനർനിർമാണത്തിനായി ഉപയോഗിക്കുന്ന സാധ്യതയും വാഷിംഗ്ടൺ പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
യുദ്ധം നാലാം മാസത്തിലേക്ക് കടന്നിട്ടും സ്ഥിതി ഇപ്പോഴും അസ്ഥിരമാണ്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ, ഇറാന്റെ ആണവ പദ്ധതികൾ, ഉപരോധങ്ങൾ എന്നിവയാണ് ചർച്ചകളിലെ പ്രധാന തർക്കവിഷയങ്ങൾ. അമേരിക്കയുടെ ആവശ്യം ഇറാൻ ആണവായുധ പദ്ധതികൾ അവസാനിപ്പിക്കണമെന്നാണ്.അതേസമയം, ഇസ്രായേൽ ലെബനന്റെ തെക്കൻ ബെയ്റൂട്ടിൽ നടത്തിയ പുതിയ വ്യോമാക്രമണം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കി. ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.
ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാർ അടുത്തെത്തിയിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെടുമ്പോൾ, ഇറാൻ ഇപ്പോഴും കരട് നിർദേശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷകൾ നിലനിൽക്കുമ്പോഴും അന്തിമ കരാർ എപ്പോൾ ഉണ്ടാകുമെന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.



