
ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ സ്റ്റാർട്ടപ്പ് വർക്‌സിന്‍റെ ബ്രാൻഡ് അംബാസഡറായി നടൻ ആസിഫ് അലിയെ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി നടത്തിയ ഔദ്യോഗിക ചടങ്ങിൽ സ്റ്റാർട്ട് അപ്പ് വർക്‌സ് മാനെജ്മെന്‍റും ആസിഫ് അലിയും കരാറിൽ ഒപ്പുവച്ചു.യുഎഇയിൽ ആദ്യമായാണ് ഒരു ബിസിനസ് സെറ്റ് അപ്പ് സ്ഥാപനം ബ്രാൻഡ് അംബാസിഡറെ നിയോഗിക്കുന്നത്. യുഎഇ യിലെ പ്രമുഖ ബിസിനസ് സെറ്റ് അപ്പ് സ്‌ഥാപനമായ എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിന്‍റെ സഹോദര സ്ഥാപനമാണിത്.
എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള ‘മൈ ടീം’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹകരണം. ദുബായിലും മറ്റ് എമിറേറ്റുകളിലും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആഗോള പ്രവാസികൾക്കും, പ്രത്യേകിച്ച് മലയാളി സംരംഭകർക്കും ആവശ്യമായ ലൈസൻസിംഗ്, കോർപ്പറേറ്റ് സേവനങ്ങൾ ലളിതവും സുരക്ഷിതവുമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മലയാള സിനിമയിലെ മുൻനിര താരം എന്ന നിലയിൽ ആസിഫ് അലിയുടെ സാന്നിധ്യം, മിഡിൽ ഈസ്റ്റിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ദക്ഷിണേന്ത്യൻ പ്രവാസി സമൂഹത്തിന് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുമെന്ന് സ്റ്റാർട്ടപ്പ് വർക്സ് മാനെജ്‌മെന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചു.ഉടൻ തന്നെ കേരളത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംരംഭകർക്ക് സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ‘മൈ ടീം’ എന്ന പുതിയ ഡിവിഷനും തുടങ്ങി. എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീർ, സ്റ്റാർട്ടപ്പ് വർക്സ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഹിജാബ അബ്ദുള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



