മസ്കറ്റ്: ഒമാനിലെ മാൾ ഓഫ് മസ്കറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘സെഞ്ച്വറി സിനിമാസ്’ പ്രവർത്തനം ആരംഭിച്ചു. യുഎഇയിലെ പ്രമുഖ തിയേറ്റർ ശൃംഖലയായ സ്റ്റാർ സിനിമാസ് നെറ്റ്വർക്കിന്റെ ഭാഗമായ ഈ പുതിയ സിനിമാ സമുച്ചയത്തിൽ 14 സ്ക്രീനുകളും 1,100 ലധികം ഇരിപ്പിട ശേഷിയുമാണുള്ളത്.
അത്യാധുനിക ലേസർ പ്രൊജക്ടറും ഇമ്മേഴ്സീവ് ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനവുമുള്ള പ്രീമിയം ലാർജ് ഫോർമാറ്റ് (PLF) സ്ക്രീൻ, നൂതന ഡോൾബി 7.1 സറൗണ്ട് ഓഡിയോ സൗകര്യം, ആഡംബര യാത്രക്കാർക്കായി രണ്ട് എക്സ്ക്ലൂസീവ് പ്ലാറ്റിനം സ്യൂട്ടുകൾ, കുട്ടികൾക്കായുള്ള പ്രത്യേക കിഡ്സ് സ്ക്രീൻ എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങൾക്ക് പുറമെ അറബിക്, ഇന്ത്യൻ പ്രാദേശിക സിനിമകളും ഇവിടെ പ്രദർശിപ്പിക്കും. ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ വഴിയും ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം. സെഞ്ച്വറി സിനിമാസിന്റെ വരവോടെ മാൾ ഓഫ് മസ്കറ്റ് കൂടുതൽ ജനപ്രിയമായ ഒരു കുടുംബ വിനോദ കേന്ദ്രമായി മാറുമെന്ന് മാൾ ഓഫ് മസ്കറ്റ് ബിസിനസ് ഹെഡ് സന്തോഷ് നായർ വ്യക്തമാക്കി.



