ഷാർജ: അന്താരാഷ്ട്ര ടൂറിസം രംഗത്തെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ വേൾഡ് ട്രാവൽ അവാർഡ്സ് 2026-ലെ ‘മിഡിൽ ഈസ്റ്റ്സ് ലീഡിങ് നാഷണൽ പാർക്ക് 2026’ വിഭാഗത്തിൽ ഷാർജയിലെ മെലീഹ നാഷണൽ പാർക്ക് യുഎഇയിൽ നിന്ന് ഏക നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു. മേഖലയിലെ പ്രമുഖ ദേശീയോദ്യാനങ്ങൾക്കൊപ്പമാണ് മെലീഹ പുരസ്കാരത്തിനായി മത്സരിക്കുന്നത്.
ഇസ്രയേലിലെ മസാദ നാഷണൽ പാർക്ക്, സൗദി അറേബ്യയിലെ അസിർ നാഷണൽ പാർക്ക്, ഒമാനിലെ അൽ സലീൽ നേച്ചർ റിസർവ്, ഇറാനിലെ ഗൊലസ്താൻ നാഷണൽ പാർക്ക് എന്നിവയാണ് മെലീഹയ്ക്കൊപ്പം അന്തിമ പട്ടികയിലുള്ള മറ്റ് നാഷണൽ പാർക്കുകൾ.
യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതോടൊപ്പം ലോകോത്തര നിലവാരത്തിലുള്ള ഇക്കോ ടൂറിസം, സാഹസിക വിനോദങ്ങൾ, വിദ്യാഭ്യാസപരമായ അനുഭവങ്ങൾ എന്നിവ ഒരുക്കുന്നതിലെ മികവിനുള്ള അംഗീകാരമായാണ് ഈ നോമിനേഷൻ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമായ മെലീഹ നാഷണൽ പാർക്ക്, രാജ്യത്തിന്റെ പ്രധാന പൈതൃക-പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് മേഖലകളിലെ മികവിന് ആഗോളതലത്തിൽ നൽകുന്ന ഏറ്റവും ശ്രദ്ധേയമായ ബഹുമതികളിലൊന്നാണ് വേൾഡ് ട്രാവൽ അവാർഡ്സ്.
പുരസ്കാരത്തിനായുള്ള പൊതുജന വോട്ടെടുപ്പ് ജൂലൈ 31 വരെ തുടരും. ഈ വിഭാഗത്തിൽ യുഎഇയെ പ്രതിനിധീകരിക്കുന്ന ഏക നാഷണൽ പാർക്കായ മെലീഹയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തിന്റെ പ്രകൃതി-സാംസ്കാരിക പൈതൃകത്തെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.



