
ടെൽ അവീവ്: ഇറാനിലെ നിലവിലെ ഭരണകൂടത്തിന്റെ അന്ത്യം അടുത്തെത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മന്ത്രിസഭാ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് നെതന്യാഹുവിന്റെ പരാമർശം. പ്രസംഗത്തിന്റെ ഭാഗങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.
“ഇറാനിലെ ഈ ഭരണകൂടത്തിന്റെ അന്ത്യം അടുത്തിരിക്കുകയാണ്. ഭരണകൂടം ദുർബലമാണ്, നിലനിൽപ്പിനായി പോരാടുകയാണ്,” നെതന്യാഹു പറഞ്ഞു. ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് ഇനി പൂർത്തിയാക്കാനുള്ള പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഇപ്പോൾ ഇസ്രയേലിനെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ ഇറാൻ ആക്രമിക്കാൻ “തെറ്റ്” വരുത്തിയാൽ, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ നടപടികൾക്ക് ഇസ്രയേൽ തുടർന്നും തയ്യാറാണെന്ന സൂചനയും പ്രസംഗത്തിൽ നെതന്യാഹു നൽകി. ഭരണകൂടത്തെ മാറ്റുന്നത് മിഡിൽ ഈസ്റ്റിന്റെ രാഷ്ട്രീയ സാഹചര്യത്തെയും ചരിത്രത്തെയും തന്നെ മാറ്റിമറിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.



