അബുദാബി: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിർണായക ഇടപെടലുമായി അബുദാബി ലേബർ കോടതി. മൂന്ന് കൂട്ടായ തൊഴിൽ തർക്കങ്ങളിലായി 948 തൊഴിലാളികൾക്ക് ലഭിക്കാനുണ്ടായിരുന്ന 7.8 മില്യൺ ദിർഹത്തിലധികം കുടിശ്ശിക കോടതി ഇടപെടലിലൂടെ തിരിച്ചുപിടിച്ചു.
ആകെ 12.3 മില്യൺ ദിർഹത്തിന്റെ ക്ലെയിമുകളാണ് കേസുകളിലുണ്ടായിരുന്നത്. ഇതിൽ 457 തൊഴിലാളികൾക്ക് ലഭിക്കാനുള്ള തുക പൂർണമായും ലഭിച്ചു. 491 തൊഴിലാളികൾക്ക് ഭാഗികമായി തുക ലഭിച്ചു. ബാക്കിയുള്ള തുക നിശ്ചിത ഗഡുക്കളായി നൽകുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.
കോടതി നിക്ഷേപങ്ങൾ, കമ്പനികളിൽ നിന്നുള്ള നേരിട്ടുള്ള പേയ്‌മെന്റുകൾ, സൗഹാർദപരമായ ഒത്തുതീർപ്പുകൾ എന്നിവയിലൂടെയാണ് തുക തൊഴിലാളികൾക്ക് ലഭ്യമാക്കിയത്.

അബുദാബി ലേബർ കോടതിയും യുഎഇ മാനവവിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയവും ബന്ധപ്പെട്ട കക്ഷികളും നടത്തിയ ഏകോപിത ഇടപെടലിലൂടെയാണ് കേസുകളിൽ പരിഹാരമുണ്ടായത്. ഒത്തുതീർപ്പിന് ശേഷം തൊഴിലാളികൾക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി തുടരാനും സാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



