അബുദാബി: വാഹന നിർമ്മാണ രംഗത്ത് പുതിയ നേട്ടവുമായി യുഎഇ. അബുദാബിയിൽ നിർമ്മിച്ച ആദ്യ ബാച്ചിലെ 100 ആഡംബര എസ്യുവികൾ ഉപഭോക്താക്കൾക്ക് കൈമാറിയതായി വാഹന നിർമ്മാതാക്കളായ ROX പ്രഖ്യാപിച്ചു. ‘Made in the Emirates’ അടയാളമുള്ള വാഹനങ്ങൾ കമ്പനിയുടെ UAE Signature Edition-ന്റെ ഭാഗമായാണ് പുറത്തിറക്കിയത്.

അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺസിൽ (KEZAD) പ്രവർത്തിക്കുന്ന ROX-ന്റെ AI Manufacturing Centre-ലാണ് വാഹനങ്ങൾ നിർമ്മിച്ചത്. യുഎഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ്, ROX എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
വെറും ആറുമാസം കൊണ്ടാണ് നിർമ്മാണ കേന്ദ്രം വികസിപ്പിച്ചത്. വാഹന നിർമ്മാണ യൂണിറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്, ഡിസൈൻ സ്റ്റുഡിയോ എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകത.
സെപ്റ്റംബറിൽ ROX ADAMAS വാഹനങ്ങളുടെ പ്രാദേശിക ഉൽപ്പാദനം ആരംഭിച്ചിരുന്നു. 80-ലധികം തരത്തിലുള്ള വാഹന ഘടകങ്ങളുടെ സബ് അസംബ്ലി, വാഹന അസംബ്ലി, കാലിബ്രേഷൻ, മഴപരിശോധന, റോഡ് ടെസ്റ്റിംഗ്, അന്തിമ പരിശോധന എന്നിവയ്ക്കുള്ള സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്.

2027-ൽ 20,000 വാഹനങ്ങളുടെയും 2030-ഓടെ പ്രതിവർഷം മൂന്ന് ലക്ഷം വാഹനങ്ങളുടെയും ഉൽപ്പാദനശേഷി കൈവരിക്കാനാണ് കമ്പനിയുടെ പദ്ധതി.യുഎഇയുടെ ‘Make it in the Emirates’ പദ്ധതിയുടെയും ദേശീയ വ്യവസായ വികസന ലക്ഷ്യങ്ങളുടെയും ഭാഗമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. പ്രാദേശിക വിപണികൾക്കൊപ്പം അന്താരാഷ്ട്ര വിപണികളിലേക്കും വാഹനങ്ങൾ എത്തിക്കാനാണ് ROX ലക്ഷ്യമിടുന്നത്.
ആധുനിക സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസൈൻ, വാഹന നിർമ്മാണം എന്നിവയെ ഒരുമിപ്പിക്കുന്ന പദ്ധതി അബുദാബിയെ വാഹന വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് കരുത്തേകും.



